Thursday 10 October 2013

അബനി എന്ന കുട്ടി-1

 ഭാവനകൊണ്ടു പഠിച്ചില്ലെങ്കിൽ... 

അബനിയുടെ അയൽവീട്ടിൽ ഒരു നായക്കുട്ടിയുണ്ട്. അതിനാൽ അവള്‍ക്ക്  നായക്കുട്ടി ഒരു കൌതുകമായിരുന്നു. എന്നാൽ അതിന്‍റെ ജീവശാസ്ത്ര പ്രകൃതികൊണ്ട് അതിനോട് അടുക്കാൻ അവൾക്കു ഭയവുമായിരുന്നു. അതിനാൽ കാർട്ടൂൺ നായകളെയാണ് അവൾ സ്വീകരിച്ചിരുന്നത്.

 അവകൾ കുരയ്ക്കുകയല്ലേ ഉള്ളൂ, മറ്റു കഠിനപ്രവൃത്തികൾ ഒന്നും ചെയ്തുകളയില്ലല്ലോ? 

അങ്ങനെ അബനി ഒരു നായക്കുട്ടിയെ വളർത്തി. അതായത് അത് അദൃശ്യമാണ്. ഒരു സങ്കൽപ്പം മാത്രം. അതിനോട് അവൾ ഉറക്കെ ആശയവിനിമയം നടത്തിക്കൊണ്ടിരുന്നു.


ഒരിക്കൽ അബനിയുടെ അച്ഛൻ വന്‍പിച്ച ഒരു രാഷ്ട്രീയപ്രശ്നത്തിന്റെ കുരുക്കഴിക്കുന്ന ഒരു ടിവി ചർച്ച കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അകത്തെ മുറിയിൽ നിന്ന് അവൾ വിളിച്ചു പറഞ്ഞു:‘‘ നായക്കുട്ടിയുടെ ബെർത്ത്ഡേ ആണ് . കേക്കുമുറിക്കാറായി. വന്നേ..’’. 


ടിവി ചർച്ച മുറുകി വരികയായിരുന്നു. അച്ഛന് എഴുന്നേൽക്കാവുന്നില്ല. അവൾ വീണ്ടും രൂക്ഷമായി ക്ഷണം തുടർന്നു. 


ഒടുവിൽ അച്ഛൻ മുറിയിലേക്ക് ഗസ്റ്റായി പ്രവേശിച്ചു. നായ സങ്കൽപ്പമാണ്. കേക്കും സങ്കൽപ്പമാണ്. കഴിഞ്ഞ വർഷം അവളുടെ ബെർത്ത്ഡേ കേക്കു മുറിച്ച കത്തിമാത്രമാണ് അമൂർത്തമല്ലാത്ത ഖരവസ്തു.
. 

‘‘എന്നാൽ പെട്ടെന്നു കേക്കുമുറിക്ക്’’- ടീവിയിലേക്കു തിരിച്ചു പോകാനുള്ള അക്ഷമയിൽ അച്ഛൻ കട്ടിലിന്റെ സൈഡിൽ ഇരുന്നു. 


പിന്നെ അബനിയുടെ അലർച്ചായിരുന്നു: ‘‘എന്‍റെ കേക്കിന്‍റെ പുറത്തിരിക്കരുത്.’’ 
•••• 

Wednesday 9 October 2013

നഗ്ന മാര്‍ജാരന്‍

വീട്ടിലെ പൂച്ചയും വീട്ടിലെ കുട്ടിയും അടുത്ത കൂട്ടുകാരാണ്. ഭക്ഷണം, വിനോദം, വിശ്രമം,നിദ്ര  എന്നീ പ്രക്രിയകളൊക്കെ ഒന്നിച്ചാണ് ചെയ്യുന്നത്. അതിനിടയില്‍ ചില സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഇരുവരും.

 നിലം വൃത്തികേടാകാതിരിക്കാന്‍ കുട്ടിയെ ഒരു ഡയപര്‍ ധരിപ്പിച്ചിരുന്നു. കൂടാതെ പഞ്ഞിപോലത്തെ നീണ്ഭ ഉടുപ്പും. ഇതു കുട്ടിയെ അസ്വസ്ഥമാക്കിയിട്ടുണ്ഭായിരുന്നു. 

അതിനാല്‍ സംഭാഷണ വിഷയം ഇങ്ങനെയായി.

കുട്ടി പൂച്ചയോടു ചോദിച്ചു: ‘‘ഞങ്ങള്‍ ഉടുപ്പും മറ്റും ധരിക്കണം. നിങ്ങള്‍ പൂച്ചകള്‍ക്ക് ആ പ്രശ്നമില്ല. അതിന്‍റെ നൈതികത എന്താണ്? ഞാന്‍ പ്രതിഷേധിക്കുന്നു’’. 

പൂച്ച കുട്ടിയോടു പറഞ്ഞു: ‘‘ചൂടാവാതെ. നഗ്നരാവുമ്പോള്‍ നിങ്ങളുടെയത്ര വൃത്തികേടില്ല ഞങ്ങളെ കാണാന്‍. അതാണു കാര്യം.’’
••••••

കാലന്‍ ചരിത്രം



സഞ്ചിയും കക്ഷത്തുവച്ചു പച്ചക്കറിയും മത്തിയും വാങ്ങാന്‍ ഞാന്‍ ചന്തയിലേക്കു പോകുന്ന ഈ വഴിയിലൂടെയാണല്ലോ മാര്‍ത്താണ്ഡവര്‍മ എട്ടുവീട്ടില്‍പിള്ളമാരെ ഇട്ടോടിച്ചത് എന്നോര്‍ക്കുന്പോഴാണ് കാലത്തിന്‍റെ ഒരു മിടുക്ക് അംഗീകരിച്ചു പോകുന്നത്.

Tuesday 8 October 2013

കിളിവർത്താനം



കൂട്ടിൽ ബോറടിച്ചിരുന്ന തത്ത മുറ്റത്തു കൊത്തിപ്പെറുക്കി നടന്ന ഇരട്ടക്കാക്കകളിൽ ഒന്നിനോട്‌ പറഞ്ഞു: ഞങ്ങടെ വർഗ്ഗത്തെ മാത്രം മനുഷ്യർ തടവിൽ പിടിച്ചു വളർത്തുന്നു.

തത്തയുടെ ഭാര്യ പറഞ്ഞു: നമ്മുടെ സൗന്ദര്യം കൊണ്ടായിരിക്കും.

ഒന്നാമത്തെ കാക്ക അതു കേട്ടിട്ട്‌: അതു നിങ്ങൾ രണ്ടുപേരും മനുഷ്യർ പറയുന്നത്‌ അതേപടി ആവർത്തിക്കുന്നതു കൊണ്ടല്ലേ?

കാക്കയുടെ കാമുകി കൂട്ടിച്ചേർത്തു: പാഠത്തിനുമേൽ സ്വതന്ത്രമായ മാറ്റങ്ങൾ വരുത്താനുള്ള ധൈര്യം നേടേണ്ടതുണ്ട്‌.

O